വടകര: അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ചു വയസ്സുകാരന്റെ വസ്ത്രമഴിച്ച് ഡ്രൈവർ ഓട്ടോ തുടപ്പിച്ചു. സംഭവത്തിൽ ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി. സ്കൂളിലേക്ക് പോകുംവഴി ഓട്ടോയിൽനിന്ന് പുറത്തേക്ക് തുപ്പുമ്പോൾ അബദ്ധത്തിൽ അകത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് കുഞ്ഞിപ്പള്ളിയിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കുട്ടിയെ വണ്ടിയിൽനിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നിൽവെച്ച് ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ വിചിത്രൻ കോറോത്തിനോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച കുട്ടിയുടെ മാതാവ് ഓട്ടോ ഡ്രൈവറെ ചോദ്യംചെയ്യുകയും ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത് ശരിയായില്ലെന്ന് മാതാവ് പറയുന്നതും ഡ്രൈവർ നടപടി ന്യായീകരിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർ ഡ്രൈവറെ കൂട്ടി വീട്ടിലെത്തി ക്ഷമാപണം നടത്തിയതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമീഷൻ ചോമ്പാല പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയത്. കുട്ടിയുടെ മാതാവിൽനിന്ന് പൊലീസ് മൊഴിയെടുത്തു.