കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവപ്പന്തലിന് കാൽനാട്ടി. മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാൽനാട്ടൽ നിർവഹിച്ചു. വരുംവർഷങ്ങളിലേക്ക് മാതൃകയാകുന്ന രീതിയിൽ കോഴിക്കോട്ടെ കലോത്സവത്തെ മാറ്റാനാണ് ശ്രമം. എല്ലാവരും ഒത്തു ചേർന്നുള്ള പ്രവർത്തനമാണ് അതിനായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, പന്തൽ കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി. ചെറിയ മുഹമ്മദ്, കൺവീനർ കരീം പടുകുണ്ടിൽ, ഡി.ഡി.ഇ. സി. മനോജ് കുമാർ, ഹരീഷ് കടവത്തൂർ, വി.പി. രാജീവൻ, ടി. അനൂപ് കുമാർ, എം. റിയാസ്, കെ.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സ്കൂൾകലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസിന് ഫോൺ കണക്ഷൻ ലഭിച്ചു. 0495 2921800 ആണ് നമ്പർ. മാനാഞ്ചിറയിലെ സംഘാടകസമിതി ഓഫീസ് രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും.