കോഴിക്കോട് : സംസ്ഥാന സ്കൂൾകലോത്സവം പരിസ്ഥിതിസൗഹൃദമാക്കാനുള്ള ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ ക്ലീൻ കാലിക്കറ്റ് പ്രോജക്ടിന് തുടക്കമിട്ട് തീം വീഡിയോ റിലീസ് ചെയ്തു. മേയർ ഡോ. ബീനാ ഫിലിപ്പാണ് വീഡിയോ പുറത്തിറക്കിയത്. അടുത്തഘട്ടത്തിൽ ആയിരത്തോളം വിദ്യാർഥികൾക്ക് ഹരിത പ്രോട്ടോകോൾ സംബന്ധിച്ച് പരിശീലനം നൽകും. ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, നാഷണൽ ഗ്രീൻ കോർപ്സ്, രക്ഷാകർത്തൃസമിതികൾ, മദർ പി.ടി.എ., കുടുംബശ്രീ, ഹരിതസേന, വ്യാപാരി വ്യവസായിസമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീൻ കാലിക്കറ്റ് പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അധ്യക്ഷതവഹിച്ചു. എ. പ്രദീപ് കുമാർ, എം. രാധാകൃഷ്ണൻ, എം. രാജൻ, ഡോ. ജോഷി ആന്റണി, വരുൺ ഭാസ്കർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധനേഷ്, പി. പ്രമോദ് കുമാർ, പി. പ്രിയ, കെ.കെ. ശ്രീജേഷ് കുമാർ, കൃപാ വാര്യർ, ടോമി ജോർജ് എന്നിവർ സംസാരിച്ചു.